മഴവില്ലിൻ്റെ ചേല്🌈🌈🌈


                  മഴവില്ലിൻ്റെ ചേല്


                                                            

"എന്നിട്ട് എന്തായി ഒന്നു പറയ്വോ  മുത്തശ്ശിയേ…"

"മുത്തശ്ശീടെ ഉണ്ണിക്കുട്ടൻ ഉറങ്ങീല്ല്യേ…"

"മുത്തശ്ശി ബാക്കി പറയ്യ്…"

"എന്നിട്ട് രാക്ഷസന്റെ കയ്യീന്ന്  രാജകുമാരൻ രാജകുമാരീനെയും രക്ഷിച്ച് രണ്ടുപേരുംകൂടി മഴവില്ല് കൊണ്ട് ഉണ്ടാക്കിയ കൊട്ടാരത്തിൽ ഒരുപാടു കാലം താമസിച്ചു…"

"മഴവില്ല് കൊണ്ടുള്ള കൊട്ടാരമോ..?അതെങ്ങനെയാ ഇരിക്ക്വാ മുത്തശ്ശീ…"

അതിന് ഏഴ് വർണ്ണങ്ങളാ ഉണ്ണിക്കുട്ടാ... ഒരു വർണ്ണത്തിന്റെ തിളക്കം കണ്ണിൽ നിന്നും മായും മുമ്പ് അടുത്ത വർണ്ണം വരുവല്ലേ….. ശരിക്കും ചേലാ കാണാനേ..

"ഉണ്ണിക്കുട്ടനും മഴവില്ല് കാണാൻ കഴിയ്വോ മുത്തശ്ശിയേ…"

"പിന്നെ അതിരാണിക്കാവില്  മഴ പെയ്താ മാമലക്കുന്നിൻ്റെ മൊകളില് ചെന്നാ ഉണ്ണിക്കുട്ടനും മഴവില്ല് കാണാല്ലോ…"

"അമ്മ എന്തിനാ ഉണ്ണിക്ക് വേണ്ടാത്ത ആശ കൊടുക്കണത്… മഴ പെയ്തിട്ട് എത്ര നാളായെന്നാ.. എന്നിട്ടാ ഇപ്പോ മഴവില്ല്."

"എല്ലാം മാമലക്കുന്നിന്റെ ശാപല്ലേ മോളേ… "

രാത്രിയുടെ നിശബ്ദതയിൽ മുത്തശ്ശിയുടെ നെടുവീർപ്പ് വീടിനുള്ളിൽ തളം കെട്ടി നിന്നു.

കിഴക്കേ ചക്രവാളത്തിൽ നിന്നും പ്രഭാതസൂര്യന്റെ ഇളം ചൂടുള്ള രശ്മികൾ വന്നു പതിച്ചപ്പോഴാണ് ഉണ്ണിക്കുട്ടൻ കണ്ണുതുറന്നത്. എഴുന്നേറ്റയുടനെ അവൻ തൊടിയിലേക്ക് ഓടി.ആ കുഞ്ഞു കണ്ണുകൾ തെളിഞ്ഞ മാനത്ത് ആരെയോ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

"മുത്തശ്ശിയേ.. ഇന്നും മാനത്ത് മഴമേഘം കാണാനില്ലാല്ലോ…"

അവൻ്റെ കുഞ്ഞു കണ്ണുകൾ ദുഃഖത്താൽ നിറഞ്ഞിരുന്നു.

മുത്തശ്ശി അവനെ നിസഹായതയോടെ ഒന്ന് നോക്കി.

സ്കൂളിൽ പോകാൻ കുളിച്ചു ഒരുങ്ങിയ ഉണ്ണിക്കുട്ടൻ തന്റെ പുസ്തകസഞ്ചിയുമെടുത്ത് മൂന്നാം വളവിനു താഴത്തുള്ള വല്യമ്മാമ്മയുടെ വീട്ടിലേക്ക് ഓടി…

" കുഞ്ഞാറ്റേ… "

അവന്റെ  ആ വിളി കേട്ടാണ് മാമലക്കുന്നിന്റെ ഉച്ചിയിലെ ഇലഞ്ഞിമരത്തിൽ കൂടൊരുക്കിയിരിക്കുന്ന  തൂക്കണാംക്കുരുവിയും കുഞ്ഞുങ്ങളും ഉണർന്നിരുന്നത്..

അമ്മയുടെ കൈയും പിടിച്ച് വരുന്ന കുഞ്ഞാറ്റയ്ക്കും തൊടിയിലെ വിരിഞ്ഞുനിൽക്കുന്ന ജമന്തിപ്പൂവിനും ഒരേ ചന്തമാണെന്ന് ഉണ്ണിക്കുട്ടനു തോന്നി..

ഉണ്ണിയേട്ടാ എന്ന അവളുടെ വിളിയിൽ നിഷ്കളങ്കമായ ചിരിയും സ്നേഹവും നിറഞ്ഞു നിന്നു.ഉണ്ണിയേട്ടന്റെ കരങ്ങളിൽ അവളുടെ കുഞ്ഞു കൈകൾ ഭദ്രമായിരുന്നു. പിന്നീട് അവളുടെ നടത്തത്തിന്റെ താളവും വേഗവുമെല്ലാം ഉണ്ണിയേട്ടന്റെ കൈകളിൽ തൂങ്ങിയായിരുന്നു..

"കുഞ്ഞാറ്റേ... മുത്തശ്ശി പറഞ്ഞുവല്ലോ അതിരാണിക്കാവില് പോയി പ്രാർത്ഥിച്ചാ മഴവില്ല് കാണാൻ പറ്റൂന്ന്" 

"ആണോ ഉണ്ണിയേട്ടാ..?"

"ഉം…. കാവിലെ മുത്തി കുഞ്ഞുങ്ങളുടെ പ്രാർത്ഥന കേൾക്കൂന്ന്…"

"മുത്തി എങ്ങനെയിരിക്ക്വാ ഉണ്ണിയേട്ടാ…?"

ഉണ്ണിക്കുട്ടൻ തൻ്റെ പുസ്തകസഞ്ചിയിൽ നിന്ന് ഒരു കരിക്കട്ട കഷ്ണമെടുത്ത് അവളോടൊപ്പം വറീതുമാപ്പിളയുടെ വീടിനു നേരെ നടന്നു. കരിക്കട്ട കഷ്ണം കുഞ്ഞാറ്റയുടെയും തൻ്റെയും കൈകളിലായി ചേർത്തുപിടിച്ച് വറീതുമാപ്പിളയുടെ വീടിൻ്റെ മതിലിൽ അവൻ അമർത്തിവരച്ചു.

കുഞ്ഞാറ്റേ…."

"പനങ്കുല പോലത്തെ മുടി..തിളങ്ങുന്ന വെള്ളാരം കണ്ണുകൾ... ചെമപ്പ് വട്ടപൊട്ട്… മുലപ്പൂ പോലുള്ള പല്ലുകൾ..തങ്കത്തിൽ പൊതിഞ്ഞ കൈയും കഴുത്തും… ചെമപ്പ് പട്ടുമുടുത്ത് ആരെയും മയക്കുന്ന കൈതപ്പൂവിൻ്റെ സുഗന്ധല്ലേ…"

കരിക്കട്ടയുടെ ഉരഞ്ഞു തീരാറായ തുമ്പിൽ നിന്നും ഒരു ചിത്രം കൂടി ആ മതിലുകൾക്ക് സ്വന്തമായി. വറീതുമാപ്പിളയുടെ മതിലുകൾ മാമലക്കുന്നുക്കാരുടെ പറയാൻ ബാക്കി വെച്ച കെട്ടുക്കഥകളുടെ വിസ്മയം വാരി തൂകിയ ഒരു ഛായ കൂടി കാലത്തിൻ്റെ കരങ്ങളിലേയ്ക്ക് സമ്മാനിച്ചു.

"മുത്തി ഇങ്ങനെയാ ഇരിക്ക്വാ, അല്ലേ ഉണ്ണിയേട്ടാ.."

"ഉം... മുത്തശ്ശി പറഞ്ഞ്യല്ലേ  ഇങ്ങനെ തന്നെയാ."

തെളിഞ്ഞ ആകാശം… ഉദിച്ചുയുർന്ന സൂര്യരശ്മികളുടെ നാളം അവരെ നന്നേ ക്ഷീണിപ്പിച്ചിരുന്നു. മുത്തിയുടെ അടുത്തേക്കുള്ള യാത്രയിൽ അവർക്ക് കൂട്ടായത് ഉള്ളിൽ നിറഞ്ഞ  പ്രതീക്ഷ മാത്രമായിരുന്നു. 

മരങ്ങളുടെ പച്ചപ്പോ തെളിനീരുറവയോ കിളികളുടെ കളനാദമോ ഇല്ലാത്ത അതിരാണിക്കാവ്…കാലം ബാക്കിവെച്ചത് മുത്തിയുടെ പ്രതിഷ്ഠ മാത്രം… അതിനു മുന്നിൽ കണ്ണുകളടച്ചു പ്രാർത്ഥിക്കുന്ന രണ്ടു കുഞ്ഞുങ്ങൾ.

"പച്ചപ്പോ തെളിനീരോ അണ്ണാറക്കണ്ണനോ തൂക്കണാം കുരുവിയോ ഇല്ലാത്ത കാവിൽ ഇനിയുള്ളത് മുത്തി മാത്രം… അതിരാണിക്കാവിനെ മുത്തി പോലും കൈവിട്ടോ … എല്ലാം മാമലക്കുന്നിൻ്റെ ശാപല്ലേ… " 

പ്രായത്തിൻ്റെ അവശതയിലും കുഞ്ഞായി മൂപ്പൻ്റെ ആ വാക്കുകൾ കാവിൻ്റെ നിശബ്ദതയിൽ വന്നു പതിച്ച ഇടിമുഴക്കം പോലെയായിരുന്നു.. അത് ആ കുഞ്ഞുങ്ങളുടെ മനസ്സിൽ വേദനയുടെ നെരിപ്പോട് തീർത്തു..

അന്നേദിവസം വീട്ടിലെത്തിയിട്ടും ഉണ്ണിക്കുട്ടൻ ആരോടും ഒന്നും മിണ്ടിയില്ല.. രാത്രിയുടെ നിശബ്ദതയിൽ എല്ലാവരും ഉറങ്ങുമ്പോഴും അവൻ്റെ മനസ്സിൽ അതിരാണിക്കാവും മുത്തിയും മാത്രമായിരുന്നു..

കുഞ്ഞായി മൂപ്പന്റെ ഉറക്കത്തെ ഭേദിച്ചുകൊണ്ട് അണ്ണാൻക്കുഞ്ഞിൻ്റെ ചിൽ.. ചിൽ…ചിൽ..കിലുങ്ങുന്ന ഒച്ച. തുറന്നു പിടിച്ച കണ്ണുകൾക്ക് നേരെ കണ്ടത് തളിരിലകൾക്കു മേലേ പതിക്കുന്ന വെള്ളത്തുള്ളികളുടെ ചാഞ്ചാട്ടം.. രണ്ടു കുഞ്ഞുങ്ങളുടെ നിറഞ്ഞ മന്ദഹാസം.... കുഞ്ഞായി മൂപ്പനെ നോക്കി പുഞ്ചിരി തൂക്കുന്ന ആ രണ്ടു കുഞ്ഞു തൈകളും ഇനി അതിരാണിക്കാവിനു സ്വന്തം..

അന്നേയ്ക്ക് മൂന്നാം നാൾ ഇരുണ്ട കാർമേഘങ്ങൾ തങ്ങളുടെ നേർത്ത  ചിറകുകൾ കൊണ്ട് മാമലക്കുന്നിൻ്റെ മാനത്തെ വാരിപ്പുണർന്നു.

"കുഞ്ഞാറ്റ പേടിക്കേണ്ട.. മുത്തശ്ശി പറഞ്ഞിട്ടുണ്ടല്ലോ മഴമേഘങ്ങളുടെ ഉച്ചത്തിലുള്ള അട്ടഹാസമാണ് ഭൂമിയിലെ മനുഷ്യർ കേൾക്കണ ഈ ഇടിമുഴക്കം.. "

ഉണ്ണിയേട്ടന്റെ കൈവിരലുകളിൽ തൂങ്ങി ഓരോ ചുവടു വയ്ക്കുമ്പോഴും അവൾ തളർന്നില്ല.. കണ്ണുകളുടെ തിളക്കവും അധരങ്ങളിലെ പുഞ്ചിരിയും ഏറി വന്നു.. മാമലക്കുന്നിന്റെ നെറുകയിലെത്തിയപ്പോൾ മാനത്ത് വിരിഞ്ഞ കാർമേഘം അവരെ ഒളികണ്ണിട്ടു നോക്കി… 

അങ്ങനെ ആദ്യത്തെ മഴത്തുള്ളി അവളുടെ കുഞ്ഞു കവിളുകളിൽ അമർത്തി ചുംബിച്ചു..

മഴയുടെ സിംഫണി മാമലക്കുന്നിനെയാകെ പുളകം കൊള്ളിച്ചു… കൂടുകളിലേക്ക് ചേകേറാൻ പായുന്ന കിളികളുടെ കലപില ശബ്ദം മഴയുടെ സംഗീതത്തിന് താളമേകി.. മാമലക്കുന്നിന്റെ മുകൾ പരപ്പിലെ ആകാശത്ത് തെളിഞ്ഞ മാരിവില്ലിൻ്റെ ചന്തം ഉണ്ണിക്കുട്ടന്റെ നിറഞ്ഞ ചിരിയിൽ ലയിച്ചു ചേർന്നു.. ഇപ്പോൾ അവന്റെ കുഞ്ഞു കണ്ണുകൾക്ക് ഏഴു വർണ്ണങ്ങളാൽ നിറഞ്ഞ തിളക്കമായിരുന്നു.

ജീവിതത്തിൽ നനഞ്ഞ ആദ്യ മഴയുടെ കുളിരിൽ കുഞ്ഞാറ്റയെല്ലാം മറന്നിരുന്നു… കണ്ണുകളുടെ നിറഞ്ഞ അന്ധകാരത്താൽ തനിക്ക് അന്യമായ പലതും അവൾ അനുഭവിച്ചത് മനസ്സുകൊണ്ടായിരുന്നു..   ഇന്നും കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത കാഴ്ചകൾക്കുമപ്പുറം അവളുടെ ചിരിയിൽ നിറഞ്ഞു നിന്നത് അവൾ നനഞ്ഞ പുതുമഴ മനസ്സിൽ നിറച്ച  കുളിരായിരുന്നു… അവളുടെ കുഞ്ഞു മനസ്സിനിപ്പോൾ നൂറു വർണ്ണങ്ങളുടെ തിളക്കമായിരുന്നു … അവളുടെ ചിരിയിൽ ഏഴഴകുള്ള മാരിവില്ലിന്റെ നിറഞ്ഞ  ചന്തം…

ഉണ്ണിക്കുട്ടൻ കുഞ്ഞാറ്റയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി…

 "അതേ …ഇതാണ് മുത്തശ്ശി പറഞ്ഞ മഴവില്ലിന്റെ ചേല് … ഏഴ് വർണ്ണങ്ങളും നിറഞ്ഞു നിൽക്കുന്ന ചേല്… "




                                                                

Popular posts from this blog

കാണാത്ത മുഖങ്ങൾക്കൊരു നാവ്💫🎉

💮പൂവിളി പൂവിളി പൊന്നോണമായി🌸🏵️